ഒറ്റ നോട്ടത്തില്‍

തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍, മുല്ലശ്ശേരി ബ്ളോക്കിലാണ് പാവറട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വെന്‍മെനാട്, പാവറട്ടി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പാവറട്ടി ഗ്രാമപഞ്ചായത്തിന് 9.19 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 15 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തൈക്കാട് പഞ്ചായത്തും, കിഴക്കുഭാഗത്ത് എളവള്ളി പഞ്ചായത്തും, തെക്കുഭാഗത്ത് മുല്ലശ്ശേരി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കായലും തുടര്‍ന്ന് ഒരുമനയൂര്‍ പഞ്ചായത്തുമാണ്. പഴയ ബ്രീട്ടിഷ് മലബാറില്‍ പാവറട്ടി, വെന്‍മെനാട് എന്നീ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്തിരുന്ന പ്രദേശങ്ങള്‍ ഏകീകരിച്ചുകൊണ്ടാണ് 1953-ല്‍ പാവറട്ടി പഞ്ചായത്ത് രൂപീകൃതമായത്. വെന്‍മെനാട് വില്ലേജ് വെന്‍മെനാട് പഞ്ചായത്തും, പാവറട്ടി വില്ലേജ് പാവറട്ടി പഞ്ചായത്തും ആയി നിലനിന്നിരുന്ന പഴയകാലത്ത് 50 രൂപ വരെയുള്ള സിവില്‍കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനും ചെറിയ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്ത് ശിക്ഷിക്കുന്നതിനും അധികാരമുണ്ടായിരുന്ന വില്ലേജുകോടതികള്‍ പ്രവര്‍ത്തിച്ചിരുന്നു. പാവറട്ടി എന്ന സ്ഥലനാമത്തിനു പിന്നില്‍ നിരവധി കഥകളാണ് പഴമക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. പണ്ട് ഇവിടെ ധാരാളം നെയ്ത്തുകാര്‍ ഉണ്ടായിരുന്നുവത്രെ. അവര്‍ വസ്ത്രങ്ങള്‍ നെയ്യാന്‍ പതിവുള്ളതിന്റെ ഇരട്ടി പാവ് ഉപയോഗിച്ചുവന്നിരുന്നതിനാല്‍ ഈ സ്ഥലത്തിന് പാവിരട്ടിയുള്ള സ്ഥലമെന്നു വിളിപ്പേര്‍ വന്നുവെന്നും അത് കാലാന്തരത്തില്‍ പാവറട്ടിയെന്നായി ലോപിച്ചുവെന്നുമാണ് അവയിലൊരു പ്രധാന കഥ.പണ്ടിവിടെ റൊട്ടി വിറ്റിരുന്ന ഒരു സ്ത്രീ പാവയുടെ രൂപത്തിലുള്ള റൊട്ടിയുണ്ടാക്കി വിറ്റുവന്നിരുന്നുവെന്നും അങ്ങിനെ പാവരൂപത്തിലുള്ള റൊട്ടി വില്‍ക്കുന്ന സ്ഥലം പാവറട്ടിയായെന്നും, വളരെയധികം പാവപ്പെട്ടവര്‍ താമസിച്ചുവന്നിരുന്ന സ്ഥലമായതിനാല്‍ പൊവര്‍ട്ടി എന്നതിനോട് സാമ്യമുള്ള പാവറട്ടി എന്ന പേരു നല്‍കപ്പെട്ടു എന്നും മറ്റും നിരവധി കഥകള്‍ പ്രചാരത്തിലുണ്ടെങ്കിലും അവയുടെയൊന്നും വിശ്വാസ്യത തെളിയിക്കപ്പെട്ടിട്ടില്ല. സമതലഭൂപ്രകൃതിയുള്ള പാവറട്ടിയുടെ പടിഞ്ഞാറുഭാഗം കായല്‍പ്രദേശമാണ്. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയില്‍ ഏകദേശം 12 ശതമാനത്തോളം കായല്‍പ്രദേശമാണ്. കിഴക്കു നിന്ന് പടിഞ്ഞാറുദിശയിലേക്ക് പോകുന്തോറും ചെരിവ് പ്രകടമാണ്. പഞ്ചായത്തിന്റെ കിഴക്കുഭാഗത്തെ സമതലവും കായല്‍നിരപ്പിലെ ഭൂപ്രദേശവുമായി ഏതാണ്ട് ഒന്നര മീറ്ററോളം ഉയരവ്യത്യാസമുണ്ട്. പാവറട്ടിയില്‍ കാണപ്പെടുന്ന മുഖ്യമണ്‍തരം മണല്‍മണ്ണാണ്.